ഫെബ്രുവരി-28. ഭാരതത്തിന് ഈ ദിവസം ഒരു മാസത്തിന്റെ അവസാനമായിരുന്നില്ല. ഒരു യുഗത്തിന്റെ തുടക്കമായിരുന്നു-1928-ല്‍. ലോകം പ്രതിഭാശാലിയായ ഒരു ഭാരതീയന്റെ മുന്നില്‍ തലകുനിച്ച ദിവസം. “രാമന്‍ ഇഫക്ട്” എന്ന തന്റെ കണ്ടുപിടുത്തം അന്നാണ് സര്‍.സി.വി.രാമന്‍ പ്രഖ്യാപിച്ചത്. ഭാരതത്തെ ആ തികഞ്ഞ രാജ്യസ്നേഹി ലോകത്തിന്റെ നെറുകയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ദിവസം. തന്റെ മഹത്തായ കണ്ടുപിടുത്തത്തിന് 1930-ല്‍ “നോബല്‍ സമ്മാനം” തന്നെ നല്‍കി ലോകം അഭിനന്ദിച്ചപ്പോള്‍ ഫെബ്രുവരി 28, “ദേശീയ ശാസ്ത്ര ദിനമായി” പ്രഖ്യാപിച്ച് ഭാരതം ആ മഹാപ്രതിഭയെ ആദരിച്ചു.
1988 നവംബര്‍ 7-ന് തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ആര്‍.ചന്ദ്രശേഖര അയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും എട്ടുമക്കളില്‍ രണ്ടാമനായാണ് രാമന്റെ ജനനം. അച്ഛന്‍ ഗണിതശാസ്ത്രവും ഭൌതീകശാസ്ത്രവും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു. വിദ്യാസമ്പന്നമായ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായത് കൊച്ചുരാമന്റെ വിദ്യാഭ്യാസത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. 11-ആം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായ അദ്ദേഹം 1904-ല്‍ സ്വര്‍ണ്ണ മെഡലോടുകൂടി ഭൌതികശാസ്ത്രത്തില്‍ ബിരുദവും 1907-ല്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കി. 1904-ല്‍ ബി.എസി. പാസ്സായപ്പോള്‍ ഏറ്റവും കുറഞ്ഞപ്രായത്തില്‍ ബിരുദം നേടുക എന്ന അതുല്യമായ നേട്ടംകൂടി രാമന്‍ കരസ്ഥമാക്കിയിരുന്നു.ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രബന്ധം പ്രസിദ്ധപ്പെടുത്തി ശ്രദ്ധ നേടി.
1907-ല്‍ ഇന്‍ഡ്യന്‍ ഫിനാന്‍സ് ഡിപ്പാര്‍ട്മെന്റില്‍ അസിസ്റ്റന്റ് അക്കൌണ്ടന്റ് ജനറലായി ഔദ്യോഗിക ജീവിതം തുടങ്ങിയ രാമന്‍ 1917- ല്‍ ആ ജോലി രാജിവച്ചു. തുടര്‍ന്ന് കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ പ്രൊഫസ്സറായി സേവനം തുടങ്ങിയ അദ്ദേഹം പഴയ ജോലിക്കിടെ സന്ദര്‍ശിച്ചിരുന്ന ഇന്ത്യന്‍ അസോസ്സിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (ഐ.എ.സി.എസ്സ്) -ല്‍ നടത്തിയിരുന്ന ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി. രാമന്റെ ഔദ്യോഗിക ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു ഇത്.
1921-ല്‍ ലണ്ടനിലെ പ്രഖ്യാതമായ ഒക്‌സ്‌ഫോഡില്‍ വച്ചു നടന്ന സമ്മേളനത്തില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധീകരിച്ച് രാമന്‍ പങ്കെടുത്തു. ഇവിടെ നിന്ന് തിരികെയുള്ള കപ്പല്‍ യാത്രക്കിടയില്‍ രാമന്‍ നടത്തിയ ചില നിരീക്ഷണങ്ങളാണ് ശാസ്ത്രത്തിന് അമൂല്യമായ പല സംഭാവനകളും നല്‍കാനിടയായത് .മെഡിറ്ററേനിയന്‍ ഭാഗം കഴിഞ്ഞു കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ കടലിന്റെ നീലവര്‍ണം രാമനെ ചിന്തിപ്പിച്ചു. ആകാശത്തിന്റെ നിറമല്ലെന്നും പ്രകാശത്തിന് ഏതൊ ഒരു മാറ്റം സംഭവിക്കുന്നുവെന്നും അദ്ദേഹം അനുമാനുച്ചു. പിന്നീട് ഇതിന്റെ ശാസ്‌ത്രതത്വം അനാവരണം ചെയ്യാനുള്ള ശ്രമമായിരുന്നു. കടലിന്റെ നീലവര്‍ണം റേലിംഗ് പ്രഭു അക്കാലത്ത് പ്രസ്‌താപിച്ചിരുന്നതു പോലെ ആകാശത്തിന്റെ പ്രതിബിംബം കൊണ്ടല്ലന്നും മറിച്ച് ജലതന്മാത്രകള്‍ പ്രകാശത്തെ വിസരണം ചെയ്യുന്നതുകൊണ്ടാണന്നും രാമന്‍ സിദ്ധാന്തിച്ചു.കടല്‍ വെള്ളത്തില്‍ ഹ്രസ്വതരംഗവര്‍ണങ്ങളായ വയലറ്റ്, ഇന്‍ഡിഗോ, നീല തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ വിസരണവിധേയമാകുന്നത്. ഇങ്ങനെയുള്ള നിറമാണ് മൊത്തത്തില്‍ നീലനിറമായി തോന്നുന്നുതെന്ന് രാമന്‍ വ്യക്തമാക്കി. രാമന്‍ തന്റെ ഗവേഷക വിദ്യാര്‍ത്ഥികളോടൊത്ത് വിവിധതരം മാധ്യമങ്ങളിലൂടെ പ്രകാശം കടത്തിവിട്ട് നിരന്തര പരീക്ഷണം നടത്തി. നിലവര്‍ണം സുതാര്യമായ ബെന്‍സീന്‍ലായനിയിലൂടെ കടന്നു പോകുമ്പോള്‍ മഞ്ഞ നിറമുണ്ടാകും. പ്രകാശകണങ്ങളായ ഫോട്ടേണുകള്‍ ദ്രാവകത്തിന്റെ തന്മാത്രകളുമായി സമ്പര്‍ക്കത്തിലാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. 1928 ഫെബ്രുവരി 28 ന് 'രാമന്‍ ഇഫക്ട്' എന്ന ശാസ്‌ത്രപ്രതിഭാസം ലോകത്തെ അറിയിച്ചു. മാര്‍ച്ച് മാസം പുറത്തിറങ്ങിയ നേച്ചര്‍ മാസികയില്‍ സി.വി.രാമനും ശിഷ്യനായ കെ.എസ്. കൃഷ്‌ണനും കൂടി എഴുതിയ വിശദമായ ലേഖനവും പുറത്തുവന്നു.രാമന്‍ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനമായി ഭാരതത്തില്‍ ആചരിക്കുന്നു. ഈ കണ്ടുപിടിത്തത്തിന് 1930-ല്‍ രാമന് ലോകത്തെ പരമോന്നത ബഹുമതിയായ നോബല്‍ സമ്മാനം ലഭിച്ചു.
1929-ല്‍ ഇന്‍ഡ്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സി.വി.രാമന്‍ 1933-ല്‍ പ്രശസ്തമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ ഡയറക്ടറായി. 1948-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അദ്ദേഹം 1949-ല്‍ തന്നെ സ്വന്തം ഗവേഷണ സ്ഥാപനമായ “രാമന്‍ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിച്ചു.
82-ം വയസില്‍ (1970 നവംബര്‍ 21-ന്) സര്‍.ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്ന സി.വി. രാമന്‍ അന്തരിച്ചു.
കറതീര്‍ന്ന രാജ്യസ്നേഹിയായിരുന്ന അദ്ദേഹം തികഞ്ഞ ദേശീയവാദിയായാണ് അറിയപ്പെടുന്നത്. തന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹം വിദേശ ഉപകരണങ്ങളെ ആശ്രയിക്കാതെ തദ്ദേശീയമായി ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. 1907 മേയ് 6-ന് ലോകസുന്ദരി അമ്മാളിനെ വിവാഹം കഴിച്ച രാമന് ചന്ദ്രശേഖര്‍, രാധാകൃഷ്ണന്‍ എന്ന രണ്ടു പുത്രന്മാരാണുള്ളത്. ഇതില്‍ രാധാകൃഷ്ണനാണ് പില്‍ക്കാലത്ത് സ്പേസ് സയന്റിസ്റ്റ് എന്ന് നിലയില്‍ പ്രശസ്തനായത്. അതേപോലെതന്നെ അനന്തരവനായ എസ്. ചന്ദ്രശേഖറിന് 1983-ല്‍ ഭൗതികശാസ്‌ത്ര സംഭാവനകള്‍ക്കുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.
അംഗീകാരങ്ങള്‍:
1. 1924-ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.
2. 1929-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ സ്ഥാനം ലഭിച്ചു.
3. 1941-ല്‍ അമേര്‌ക്കയില്‍ നിന്നും ഫ്രാങ്ക്‌ലിന്‍ പുരസ്‌കാരം. അമേരിക്കയിലെ കാലിഫോണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്) വിസിറ്റിംഗ് പ്രോഫസറായി പ്രഭാഷണങ്ങളും ക്ലാസുകളും നടത്തിയിട്ടുണ്ട്.
4. 1954-ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം.
5. 1957-ല്‍ അന്നത്തെ സോവിയറ്റ് യൂണിയന്റെ ലെനില്‍ പുരസ്‌കാരം.
6. 1949-ല്‍ ദേശീയ പ്രൊഫസര്‍ പദവി നല്‌കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചു.
സി.വി. രാമന്റെ പ്രശസ്‌തമായ വാചകം“ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് കരുതല്‍ ധനമായ സ്വര്‍ണമോ, ബാങ്ക് നിക്ഷേപമോ, ഫാക്‌ടറികളോ അല്ല, മറിച്ച് ഇവിടുത്തെ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും ശാരീരികവുമായ ശക്തിയിലാണ്“.
No comments:
Post a Comment